മണിമല: അനുമോദന ചടങ്ങിൽ ഞാൻ അപ്പച്ചനൊപ്പം എത്തും. ഞാൻ അപ്പച്ചനെ നാട്ടിൽ വരുത്തിയത് ഒന്നിച്ചു അവാർഡ് വാങ്ങാനാണ് എന്ന് അധ്യാപകർക്കും കൂട്ടുകാർക്കും ഉറപ്പുനൽകിയായിരുന്നു എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടിയ ജോൺ സ്കൂളിൽനിന്ന് യാത്രയായത്. എന്നാൽ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി പിതാവിനെ നഷ്ടപ്പെട്ട ജോൺ അനുമോദന വേദിയിലെത്തിയത് ഒറ്റയ്ക്കായിരുന്നു.
എസ്എസ്എൽസി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ മിടുക്കന്മാരെ ആദരിക്കുന്നതിനായി മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങാണ് നോവുന്ന ഓർമയായി മാറിയത്. പ്രഫ. റോണി കെ. ബേബി എംഎൽഎയിൽ നിന്നു ജോൺ ആദരവ് ഏറ്റുവാങ്ങിയപ്പോൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു.
കഴിഞ്ഞദിവസം രാത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ജോണിന്റെ പിതാവിന്റെ വിയോഗം. കുടുംബത്തിന്റെ വലിയൊരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷങ്ങളിലേക്ക് പിതാവിനൊപ്പം നടന്നു കയറേണ്ടിയിരുന്ന ഏക മകൻ, പിതാവിന്റെ വേർപാടിന്റെ തീരാദുഃഖത്തിലും ചടങ്ങിൽ പങ്കാളിയാവുകയായിരുന്നു.
പഠനത്തിൽ മിടുക്കനായ മകന്റെ നേട്ടത്തിൽ അഭിമാനിച്ചിരുന്ന പിതാവിന്റെ വിയോഗവാർത്ത ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും അതീവ ദുഃഖത്തിലാഴ്ത്തി. സംസ്കാര ചടങ്ങുകൾ ഇന്നു രാവിലെ 9.30ന് മണിമല ഹോളി മാഗി ഫൊറോനാ പള്ളിയിൽ നടക്കും. വിയോഗത്തിന്റെ കഠിനമായ വേദനയിലും അച്ചടക്കത്തോടെയും ധീരതയോടെയും അവാർഡ് വാങ്ങാനെത്തിയ ജോണിനെ പ്രമുഖ വ്യക്തികളും നാട്ടുകാരും അധ്യാപകരും ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.